കണ്ണൂർ: കണ്ണൂർ ജില്ലയിലെ യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കണ്ണൂർ പോലീസ് മൈതാനിയിലെ പ്രത്യേക വേദിയിൽ രാവിലെ പത്തരയോടെ രാഹുൽ ഗാന്ധി എത്തുമെന്നായിരുന്നു അറിയിച്ചതെങ്കിലും ഏതാണ്ട് ഒരു മണിക്കൂർ വൈകിയായിരുന്നു രാഹുൽ ഗാന്ധി തൊട്ടടുത്ത കളക്ടറേറ്റ് മൈതാനിയിൽ ഹെലികോപ്റ്റർ ഇറങ്ങിയത്.
രാവിലെ തന്നെ പോലീസ് മൈതാനിയിൽ തെരഞ്ഞെടുപ്പ് റാലി നടക്കുന്ന സദസിൽ പ്രവർത്തകർ തിങ്ങി നിറഞ്ഞിരുന്നു. 11. 20 ഓടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പം ഹെലികോപ്റ്റർ ഇറങ്ങിയ രാഹുൽ ഗാന്ധി വാഹനത്തിൽ നേരെ വേദിയിലേക്ക് വരികയായിരുന്നു. മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രവർത്തകർ രാഹുൽ ഗാന്ധിയെ വരവേറ്റത്. വേദിയിലെത്തിയ രാഹുൽ ഗാന്ധിയെ കെപിസിസി പ്രസിഡന്റും പേരാവൂരിലെ സ്ഥാനാർഥിയുമായ സണ്ണി ജോസഫ് ഷാൾ അണിയിച്ച് സ്വീകരിച്ചു. രാഹുൽ ഗാന്ധി വേദിയിലെത്തുന്പോഴേക്കും പോലീസ് മൈതാനിയിലെ സമ്മേളന ഹാളിനു പുറത്തും യുഡിഎഫ് പ്രവർത്തകർ തിങ്ങി നിറഞ്ഞു.
കനത്ത സുരക്ഷാ സംവിധാനമായിരുന്നു ഇവിടെ ഒരുക്കിയത്. സമ്മേളന നഗരയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞാണ് ഓരോരുത്തരെയും കടത്തിവിട്ടത്. സ്വാഗതപ്രസംഗകനായ മാർട്ടിൻ ജോർജ് തന്റെ പ്രസംഗത്തിന് ശേഷം അധ്യക്ഷത വഹിക്കാനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയാണ് വിളിച്ചത്.
എന്നാൽ അതിനു മുന്പ് രാഹുൽ ഗാന്ധി കെ. സുധാകരനോട് താങ്കൾ പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും രാഹുൽ ഗാന്ധിയുടെ നിർബന്ധത്തിനു മുന്നിൽ വഴങ്ങുകയായിരുന്നു. കെ. സുധാകരന്റെയും കെ.സി. വേണുഗോപാലിന്റെയും ഹ്രസ്വമായ പ്രസംഗത്തിന് ശേഷമാണ് രാഹുൽ ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്.
ഏതാണ്ട് ഒരു മണിക്കൂറോളമുള്ള പ്രസംഗത്തിൽ ബിജെപിയെയും പ്രധാനമന്ത്രിയെയും സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ശക്തമായ ഭാഷയിൽ രാഹുൽ ഗാന്ധി കടന്നാക്രമിച്ചു. അതോടൊപ്പം ഇന്ത്യാ മുന്നണിയും യുഡിഎഫും ജയിക്കേണ്ടത് രാജ്യത്തിന്റെ നിലനില്പിന് അനിവാര്യമാണെന്നത് കാര്യകാരണം സഹിതം വിശദീകരിച്ചു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിൽ നടപ്പാക്കുന്ന സ്ത്രീകൾക്കുള്ള സൗജന്യ കെഎസ്ആർടിസി യാത്ര, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ, തൊഴിലില്ലായ്മ പരിഹരിക്കാൻ യുവജനങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങാൻ അഞ്ചു ലക്ഷം വരെയുള്ള പലിശരഹിത വായ്പ, മുതിർന്ന പൗരൻമാരുടെ ക്ഷേമ പെൻഷൻ 3,000 ആക്കി ഉയർത്തൽ, മുതിർന്നവർക്കുള്ള ക്ഷേമ പെൻഷൻ വകുപ്പ് എന്നിവയുൾപ്പടെയുള്ള പ്രധാന പദ്ധതികളെക്കുറിച്ചും പ്രതിപാദിച്ചു.
രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം സണ്ണി ജോസഫ് പരിഭാഷപ്പെടുത്തി. റിജിൽ മാക്കുറ്റി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി, സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, വി.പി. അബ്ദുൾ റഷീദ്, അബ്ദുൾ കരീം ചേലേരി എന്നിവർ പ്രസംഗിച്ചു. കെ.പിസിസി ട്രഷറർ വി.എ. നാരായണൻ, ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികൾ, നേതാക്കൾ എന്നിവർ പങ്കെടുത്തു.
നാടിനു വേണ്ടിയുള്ള പോരാട്ടം: കെ. സുധാകരൻ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാടിന് വേണ്ടിയുള്ള തീക്ഷ്ണമായ പോരാട്ടത്തിലാണ് നമ്മളെന്ന് കെപിസിസി വർക്കിംഗ് കമ്മിറ്റിയംഗം കെ.സുധാകരൻ എംപി. ജനാധിപത്യത്തെ ഹനിക്കുന്നവരിൽ നിന്ന് ജനാധിപത്യം അതിന്റേ ശരിയായ നിലയിൽ സംരക്ഷിക്കാനും സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയുമാണ് യുഡിഎഫിന്റെ ലക്ഷ്യം.
സാധാരണക്കാരെ ക്രോഡീകരിച്ച് നാടിനെ ശക്തമാക്കേണ്ടതുണ്ട്. ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരായുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തി വരുന്നത്. ഒപ്പം തന്നെ പത്തു വർഷമായ കേരളത്തിലെ ദുർഭരണത്തിനും അറുതി വരുത്തണം. ഒത്തു തീർപ്പ് വ്യവസ്ഥയിലുള്ള ബിജെപി-സിപിഎം സഖ്യത്തിന് ശക്തമായ തിരിച്ചടി നൽകാൻ നിയമസഭാ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണമെന്നും കെ. സുധാകരൻ പറഞ്ഞു.